"സുഹറാ ..എടി സുഹറാ..പുറത്ത് മഴ പെയ്യുമ്പോ അനക്കെന്താ ഇവിടെ പണി സ്വപ്നം കാണേ, എനിക്കൊരു കട്ടൻ ഇട്ടേ "
"ഒന്ന് നിക്കി ന്റെ ഇക്കോ,ഒന്നിങ്ങോട്ട് വന്നിവിടെ എന്റടുത്ത് ഇരുന്നേ എന്ത രസാ ഈ മഴ കാണാൻ.."
"ഇയ്യ് ആദ്യായിട്ടാണോ കാണണേ മഴ"
"അതല്ല ഇന്ന് നമ്മളെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമായി അതറിയോ.."
"അതിനിപ്പോ എന്താ, കുഴീൽ ചാട്യെ ദിവസമൊന്നും ഞമ്മളു ഓർക്കാറില്ല.."
"കുഴീൽ വീണെങ്കിലെന്താ ഇങ്ങക്കൊരു നിധി കിട്ടീലെ ഈ എന്നെ.."
"അള്ളാഹ് ന്റുമ്മാ ഈ പെണ്ൺ മഴ പെയ്യണ സമയത്ത് ഖൽബ് പെടക്കണ വാക്കുകൾ പറയണേ.."
"ഇങ്ങളൊന്ന് എന്റടുത്ത് ഇരിക്കൊ മനുഷ്യാ..ഹ്മ്മ് വരി "
അവർ പരസ്പരം ഉമ്മറ പടിയിൽ തോളുരുമ്മിയിരുന്ന് പുറത്ത് തിമിർത്ത് പെയ്യുന്ന മഴയെ നോക്കി ഇരുന്നു..
"സത്യം പറഞ്ഞാ എനിക്ക് ചിരി വരണുണ്ട് സുഹറാ,ഒരുമാതിരി അനിയത്തിപ്രാവ് സ്റ്റെയിൽ പോലെ കിന്നരിക്കാൻ നിക്കാ.."
"ഇങ്ങളീ മസിലും വീർപ്പിച്ച് നടക്കല്ലാതെ നല്ലൊരു സ്നേഹള്ള വാക്ക് പറഞ്ഞിട്ടുന്ന് എന്നോട് "
"അങ്ങനെ പറഞ്ഞ് നമ്മളെ വെഷമിപ്പിക്കല്ല സുഹറാ.."
അയാൾ അവളെ കൈപിടിച്ചെഴുന്നേൽപ്പിച്ചു..
ശേഷം ആ മഴിയിലേക്ക് അവളേയും കൊണ്ടിറങ്ങി..
കുറേ നേരം നനഞ്ഞു..എന്നിട്ട് ചോദിച്ചു..
"പലതരത്തിലുള്ള മഴയ്യും കൊണ്ടിട്ടുണ്ടെടീ ദേ ഇപ്പോ നിന്റെ കൂടെ നനഞ്ഞപ്പോൾ മാത്രം എന്തോ ഒരു വല്ലാത്ത ഹിക്മത്ത്.."
"വെറുതെ പറയാ ല്ലെ..മതി കളിയാക്കിയത്.."
"കളിയാക്കിയതല്ല സത്യം പറഞ്ഞതാ..അധികം കൊള്ളണ്ട പനി പിടിക്കും വാ കയറിങ്ങട്ടേക്ക് "
"അതേ ഇക്ക ഇനി ഈ മഴയും കൊണ്ട് നാളെ നിങ്ങൾ പനി പിടിച്ച് കിടന്നാ എന്തിനാ പേടിക്കണേ ഞാനില്ലേ എപ്പഴും കൂടെ നിക്കാൻ,
പക്ഷെ എനിക്കങ്ങനെ അസുഖം വന്നാൽ ഇക്ക കൂടെ ഇരിക്കോ"
അയാൾ അവളുടെ ആ വെള്ളാരം കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി പറഞ്ഞു:
"എടി പൂച്ചക്കണ്ണത്തി സുഹറാബീ "
"എന്തോ "
"നീ ഞാൻ പറഞ്ഞപാടെ കട്ടൻ ചായ ഇടാൻ അകത്തേക്ക് പോയി ഇരുന്നെങ്കിൽ ഇങ്ങനൊക്കെ അനുഭവിക്കാൻ പറ്റായിരുന്നോ,
ആണുങ്ങൾ പ്രഞ്ഞാൽ പെണ്ണുങ്ങൾ അനുസരിച്ചോണം എന്ന് പറയുന്നവന്മാരെ തല്ലി കൊല്ലണം "
"അതെന്താ ഇക്ക "
"മറ്റൊന്നും കൊണ്ടല്ല,
നിങ്ങൾ പെണ്ണുങ്ങൾ ഏതു ചിന്തയിലാന്നോ എന്താണവരുടെ മനസ്സിലെന്നോ അറിയാൻ കഴിയാതെ അവരെ നിരന്തരം എടങ്ങാറാക്കി കൊണ്ടിരിക്കും പല കര്യങ്ങളും..അപ്പോ മഴയും ഇല്ല മൊഹബത്തും ഇല്ല ഒരു ഒലക്കയും ഉണ്ടാകില്ല.."
സുഹറ തന്റെ പ്രിയതമനെ സൂക്ഷിച്ച് നോക്കി..
"ആണൊന്ന് ഇടക്കൊക്കെ അലിഞ്ഞു കൊടുത്താൽ പെണ്ണിന്റെ മനസ്സ് കാണാമെന്ന് എന്റെ വല്ലിപ്പ പറഞ്ഞത് ഇപ്പഴാ എനിക്ക് മനസ്സിലായത്..."
കവിളിലൊരു മുത്തം നൽകി സുഹറ മഴയിൽ നിന്നും ഓടി വീട്ടിലേക്ക് ഓടി മറഞ്ഞു..
******************
സാദിഖ് പാലക്കൽ
No comments:
Post a Comment