Saturday, 14 May 2016

Sadik Shaaz

സ്വപ്നങ്ങളുടെ നിറകൂട്ടുകൾ
ദു:ഖങ്ങൾക്കു മേൽ വർണ്ണം ചാർത്തിയപ്പോഴാവാം
സന്തോഷങ്ങളുടെ നിറം മങ്ങിത്തുടങ്ങിയത്

Friday, 13 May 2016

എൻ്റെ മാലാഖ

ഇത്‌ കഥയുമല്ല കവിതയുമല്ല..
ജീവിച്ച്‌ കൊതി തീരും മുൻപേ ദുനിയാവ്‌ വിട്ടുപോയൊരു മാലാഖയുടെ നാളുകളാണു..

ഒരു തല തെറിച്ച ചെക്കനാണെന്നാ അവൾ പറയാറുള്ളത്‌..
മുപ്പത്‌ ദിവസം നോയ്മ്പ്‌ പിടിച്ച്‌ മുപ്പത്തോന്നാമത്തെ ദിവസം പെരുന്നാളിനു പള്ളി വിട്ട്‌ പോത്തും പത്തിരിയും കഴിച്ച്‌ കൂട്ടുകാരുമൊത്തുള്ള സവാരി കഴിഞ്ഞ് വന്ന എന്നോടന്ന് അവൾ പറഞ്ഞത്‌:

"നിങ്ങളീ ഇബാദത്ത്‌ മുഴുവനും കളയല്ലേ ന്നി,വെറുതെ നോമ്പ്‌ പിടിച്ചതൊക്കെ അവിടെ കൊണ്ട്‌ കളയണോ.."
ഉപദേശം കേൾക്കാൻ ആർക്കും ഇഷ്ടമല്ല്ല,പക്ഷേ അവളുടെ ഉപദേശം അതെന്റെ ജീവിതത്തെ നല്ലോണം മാറ്റിയിട്ടുണ്ട്‌..
അന്നു മുതൽ നിർത്തി സിനിമാ ശാലയിലേക്കുള്ള പോക്ക്‌..
ഞാനില്ല ബ്രോ നിങ്ങൾ പൊയ്ക്കോ എന്ന് പറയുമ്പോൾ ചങ്ങായിമാർ പറയാർ:

"ഹോ മുന്ത്യ ആളും, ഇയ്യ്‌ നന്നായോട"
എന്നായിരുന്നു..

അവളെ നിങ്ങൾക്കിഷ്ടമുള്ള പേരു വിളിക്കാം..
മാലാഖമാർ മരിക്കുമോ..? ഇനി അതവാ അങ്ങ്‌ പോയാലും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പലതും ഓർമ്മപ്പെടുത്തിക്കൊണ്ട്‌ കടന്നുപോയി കൊണ്ടേയിരിക്കും..

ജുമു ആ കഴിഞ്ഞാൽ വിളിക്കും..കൊഞ്ചി കുഴയാനല്ല ,
ഉസ്താദ്‌ പറഞ്ഞതെന്താണെന്നറിയാൻ..അവൾക്ക്‌ കൂടി പകർന്നു കൊടുക്കാൻ..
ആദ്യമൊക്കെ പിന്നെ പറയാമെന്ന് പറഞ്ഞ്‌ ഒഴിഞ്ഞു മാറി,
മറ്റൊന്നും കൊണ്ടല്ല ശ്രെദ്ധിക്കാറില്ല അത്ര തന്നെ..ആരെങ്കിലും കൂടെ വന്നിരുന്നാൽ അവനുമായാകും സംസാരം..
പിന്നെ പിന്നെ പള്ളിയുടെ താഴത്തേ തട്ടിലേക്ക്‌ ഇരിപ്പിടം മാറാൻ തുടങ്ങി..
കുതുബ ശ്രെദ്ധിച്ചു കേൾക്കാൻ തുടങ്ങി..അവളുമായ്‌ അതെല്ലാം പങ്കു വെയ്ക്കാനും തുടങ്ങി..

"ചരിത്രങ്ങൾ ഒരു കഥപോലെ നിങ്ങൾ പറയുന്നുണ്ടല്ലോ ഇക്ക,നിങ്ങൾക്ക്‌ എഴുതിക്കൂടെ എന്തെങ്കിലുമൊക്കെ "

ആദ്യമായ്‌ വല്ലതും കുത്തികുറിക്കാൻ അവളായിരുന്നു പ്രചോദനം നൽകിയത്‌..
എഴുതുന്ന കഥകളിലെ നായികയുടെ ആദ്യ  ചിത്രവും അവളായിരുന്നു..
സ്നേഹം മാത്രം സൂക്ഷിച്ചു വെച്ച്‌ കളങ്കം തെല്ലുമില്ലാത്തൊരു പാവം പിടിച്ച പെണ്ണു.
പടച്ചോൻ ചിലപ്പോൾ കൈവിട്ട കളി കളിക്കും,
ഒരുപാട്‌ ജീവിതത്തെ സ്വാധീനിച്ച ആളുകളെ  പെട്ടന്നൊരുനാൾ തിരികെ വിളിക്കും.

അവളെ വഹിച്ചു കൊണ്ടുപോയ മയ്യിത്ത്‌ കട്ടിൽ തേങ്ങിയിട്ടുണ്ടാകണം,
സ്വന്തത്തേക്കാളേറെ മറ്റുള്ളവർ നന്നാകണമെന്ന നിയ്യത്തായിരുന്നു അവൾക്ക്‌..
കാണുന്ന കനവിലൊക്കെയും അവൾ വന്നു ഓടി മറയും,
ഒറ്റയ്ക്കിരിക്കുമ്പോൾ ചുമലിൽ കൈകൾ വെച്ചു ചേർന്നിരിക്കുന്ന പോലെ തോന്നും,
ഓരോ റമദാനിലും അവൾ ഉപദേശിച്ച ഇഷാ നമസ്കാര ശേഷമുള്ള "അർ റഹ്മൻ" സൂറത്ത്‌ ഓതുമ്പോൾ അവൾ കണ്ണുകളെ ഈറണണിയിക്കാറുണ്ട്‌...

ഇഷ്ട വിഭവമായ ഉന്നകായും ചിക്കൻ കട്ലേറ്റും നല്ല ടേസ്റ്റുണ്ട്‌ എന്റെ ഉമ്മച്ചി ഉണ്ടാക്കുന്നത്‌ തിന്നുമ്പോൾ എന്ന് പറയുൻപോൾ നമുക്കൊരുമിച്ചൊരു ടേബിളിൽ പരസ്പരം വിളമ്പി സ്നേഹം പങ്കിട്ടുകൂടെ എന്നും ചോദിച്ചിട്ടുണ്ട്‌..

ഉറക്കമൊരു പാതി മരണമാണെന്ന് പറഞ്ഞ വാക്ക്‌ സത്യമായിരുന്നു..
ദു ആ ചെയ്ത്‌ കിടക്കണേ ഇക്കാ എന്ന് അന്നു പറഞ്ഞു സലാം പറഞ്ഞ്‌ പൂമെത്തയിൽ കിടന്നുറങ്ങിയ അവൾ പിന്നെ പ്രഭാതം കണ്ടില്ല,സെയിലന്റ്‌ അറ്റാക്ക്‌ എന്ന പേരിൽ ഒരു മരണ കാരണവും..
അവളെയോർത്ത്‌,അവളുടെ മയ്യിത്ത്‌ ഓർത്ത്‌ സുബഹി നമസ്കാരം അന്നുച്ചത്തിൽ കരഞ്ഞു..

ആഗ്രഹിച്ചിട്ടുണ്ട്‌ നിന്റെ മടിയിൽ തല ചായ്ച്ച്‌ ഒരു പൂച്ച കുഞ്ഞിനെ പോലെ കിടന്നുറങ്ങാൻ,

ആഗ്രഹിച്ചിട്ടുണ്ട്‌ ഞാൻ ഇമാം ആയി എന്നെ പിന്തുടർന്ന് നീ നമസ്കരിക്കുന്നത്‌ അനുഭവിക്കാൻ,

ആഗ്രഹിച്ചിട്ടുണ്ട്‌ പൊന്നും പത്രാസ്സുമൊന്നുമില്ലാത്ത ഒരു മഹർ മാല മാത്രം കൊണ്ട്‌ നീ എന്നോടൊപ്പം ജീവിക്കുമെന്ന് പറഞ്ഞത്‌ സത്യമായിരുന്നെങ്കിലെന്ന്,

ആഗ്രഹിച്ചിട്ടുണ്ട്‌ വഴി തെറ്റുമോ എന്നു ഞാനിപ്പോൾ ഭയക്കുന്ന എന്റെ യവ്വനം നന്മയിലേക്ക്‌ കൈപിടിച്ചു കൊണ്ടുപോകാൻ ഒരിക്കൽ കൂടി നീ വന്നിരുന്നെങ്കിലെന്ന്...

പള്ളിമിനാരത്തിൽ ബാങ്കു വിളി ഉയരുമ്പോൾ എത്ര തിരക്കിലാണെങ്കിലും വിളിക്കും..
നമസ്കരിക്കാൻ വേണ്ടി ഓർമ്മിപ്പിക്കാനായിട്ട്‌..
നബി തങ്ങൾ പറഞ്ഞിട്ടില്ലേ ദുനിയാവിലെ കരസ്ഥമാക്കുന്ന ഏറ്റവും വിലപ്പെട്ടനിധി സ്വാലിഹായ ഇണയാണെന്ന്..
ഇണയായി വരും മുൻപേ പറന്നുയർന്ന മാലാഖയായിരുന്നു അവൾ..

സ്വർഗ്ഗം നല്ലവർക്കുള്ളതാണാണു കേട്ടത്‌..
സ്വർഗ്ഗത്തിലേ ഹൂറികളെയല്ല ഭൂമിയിൽ ജീവിച്ച്‌ പോയ ഒരുപാട്‌ മാലാഖമാരുണ്ട്‌ അവിടെ..പെട്ടന്നൊരു ദിവസം അപ്രത്യക്ഷമാകുന്നവർ ,
പലരുടേയും മുന്നോട്ടുള്ള ജീവിതത്തെ വ്യക്തമായ്‌ സ്വാധീനിച്ചവർ..അവരാണവിടം സ്വർഗ്ഗമാക്കുന്നത്‌..

ജന്നാത്തുൽ ഫിർദ്ദൗസിലെ ഏതു വാതിലിൽ ആണു പെണ്ണേ നീയെന്നെ നിറ പുഞ്ചിരിയുമായ്‌ ഇമവെട്ടാതെ കാത്തിരിക്കുന്നത്‌..
*******************
പ്രാർത്ഥനയോടെ ....
സാദിഖ് പാലക്കൽ

പുരുഷൻ തന്റെ  ഇണയായവളിൽ നിന്നും ആഗ്രഹിക്കുന്നത്‌ വെറും ഭാര്യയുടെ സ്നേഹം മാത്രമല്ല,
ഉമ്മയുടെ വാൽസല്യം കൂടിയാണു...
ചെറുപ്പത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഉമ്മ നമസ്കരിക്കാൻ പറഞ്ഞയക്കുന്നപോലെ വരും ജീവിതത്തിലുടനീളം ഒരു നിഴലായ്‌ കൂട്ടിനവൾ വേണം നന്മയുടെ വഴികാട്ടിയായ്‌...
👑👑👑
*****************